കൊല്ലം: പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റും മുൻപേ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകനായി ആംബുലൻസ് ഡ്രൈവർ. കുഞ്ഞിന്റെ കഴുത്തിൽ മൂന്ന് ചുറ്റായി കുടുങ്ങിക്കിടന്ന പൊക്കിൾക്കൊടി വിദഗ്ധമായി നീക്കം ചെയ്ത് വാളത്തുംഗൽ സ്വദേശിയായ ആർ. രാഹുൽ (28) ആണ് മാതൃകയായത്.
കഴിഞ്ഞ ജനുവരി 22-ന് വൈകിട്ട് മൂന്ന് മണിയോടെ ഇരവിപുരം കുന്നത്തുകാവ് സ്വദേശി അഞ്ജുവിന്റെ വീട്ടിലായിരുന്നു സംഭവം. പ്രസവവേദന കഠിനമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി രാഹുലിന്റെ ആംബുലൻസ് എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. എന്നാൽ പുറത്തുവന്ന കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി മുറുകിയ നിലയിലായിരുന്നു. ഈ അവസ്ഥയിൽ വാഹനത്തിലേക്ക് മാറ്റുന്നത് കുഞ്ഞിന്റെ ജീവന് അപകടമാണെന്ന് തിരിച്ചറിഞ്ഞ രാഹുൽ, അതീവ ജാഗ്രതയോടെ പൊക്കിൾക്കൊടി അഴിച്ചുമാറ്റി പ്രഥമശുശ്രൂഷ നൽകുകയായിരുന്നു.
ഉടൻ തന്നെ ഇരുവരെയും കൊല്ലം വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെ അമ്മയും കുഞ്ഞും സുരക്ഷിതരായി. ആരാധ്യൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മോട്ടർ വാഹന വകുപ്പും ആരോഗ്യവകുപ്പും ആംബുലൻസ് ഡ്രൈവർമാർക്കായി നൽകുന്ന കൃത്യമായ പരിശീലന ക്ലാസുകളാണ് ഇത്തരം ഘട്ടത്തിൽ ധീരമായ തീരുമാനമെടുക്കാൻ തനിക്ക് സഹായകമായതെന്ന് രാഹുൽ പറഞ്ഞു.
രാഹുലിന്റെ സേവനത്തെ മുൻനിർത്തി ജില്ലാ കലക്ടർ എൻ. ദേവിദാസ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ശിശുക്ഷേമസമിതിയും രാഹുലിന് അനുമോദനങ്ങൾ അറിയിച്ചു.
