Zygo-Ad

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 10 ശതമാനം ഡി.എ കുടിശ്ശിക അനുവദിച്ച് ഉത്തരവായി

 


തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി 10 ശതമാനം ക്ഷാമബത്ത (ഡി.എ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഗ്ദാനം ചെയ്ത ആകെ 13 ശതമാനം ഡി.എ കുടിശ്ശികയും ജീവനക്കാർക്ക് ലഭ്യമാകും.

കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പുറമെയാണ് ഇപ്പോൾ 10 ശതമാനം കൂടി അനുവദിച്ചിരിക്കുന്നത്. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ഈ വർദ്ധനവ് ജീവനക്കാർക്ക് ലഭിച്ചുതുടങ്ങും. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാരുടെ ഡി.എ നിരക്ക് 35 ശതമാനമായി ഉയരും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിൽ 22 ശതമാനം ഡി.എ ആണ് ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്നത്. ബാക്കിയുണ്ടായിരുന്ന 13 ശതമാനം കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ തീർക്കുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, ഈ ആനുകൂല്യത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല. ക്ഷാമബത്ത ഗഡുക്കളായി നൽകുന്നതും പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്നതും സംബന്ധിച്ച തുടർ ഉത്തരവുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.



വളരെ പുതിയ വളരെ പഴയ