Zygo-Ad

പോക്സോ കേസ്: ഫിലിപ്പ് മമ്പാടിനെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ; പെൺകുട്ടിയെ കൊണ്ടുപോയത് പോലീസ് ഐഡി കാണിച്ച്

 


മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മോട്ടിവേഷണൽ സ്പീക്കറും മുൻ പോലീസുകാരനുമായ ഫിലിപ്പ് മമ്പാടിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന കൃത്യമായ പദ്ധതിയുമായാണ് പ്രതി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തത് സർവീസിലിരിക്കെ ഉപയോഗിച്ചിരുന്ന പോലീസ് ഐഡി കാർഡ് കാണിച്ചാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സമൂഹത്തിൽ സ്വാധീനമുള്ള പ്രതി മനപ്പൂർവം ചെയ്ത ഗുരുതര കുറ്റകൃത്യമാണിതെന്നും, ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. സംഭവം പുറത്തായതോടെ അതിജീവിതയുടെ കുടുംബവുമായി ഒത്തുതീർപ്പിന് പ്രതി ശ്രമിച്ചിരുന്നു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഗ്രേഡ് എസ്.ഐ ആയിരിക്കെ സ്വയം വിരമിച്ച് മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഫിലിപ്പ് മമ്പാട്, കുട്ടിയുടെ മാനസിക പ്രയാസങ്ങൾക്ക് കൗൺസിലിംഗ് നൽകാനെന്ന വ്യാജേനയാണ് കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയത്. ഈ അടുപ്പം മുതലാക്കി കുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയും തുടർന്ന് രക്ഷിതാക്കളുടെ അനുമതിയില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോവുകയുമായിരുന്നു. 2025 സെപ്റ്റംബറിൽ നടന്ന സംഭവം സ്കൂളിലെ കൗൺസിലിംഗിനിടെയാണ് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഫെബ്രുവരി 13-നാണ് നിലമ്പൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.



വളരെ പുതിയ വളരെ പഴയ