Zygo-Ad

അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി

 


ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരാതി. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയത്. 2021 മെയ് 5-ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറിനുള്ളിൽ കുടുങ്ങിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടിരുന്ന ഉഷ, നിരന്തരം മരുന്നുകൾ കഴിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. വേദനയെത്തുടർന്ന് പലതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവിൽ സഹികെട്ട് സ്വകാര്യ ലാബിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള വിവരം പുറത്തറിയുന്നത്.

തിങ്കളാഴ്ച വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചെങ്കിലും, വണ്ടാനത്ത് തുടർചികിത്സ തേടാൻ തനിക്ക് ഭയമാണെന്ന് ഉഷ ജോസഫ് പ്രതികരിച്ചു. ആശുപത്രി അധികൃതർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം 



വളരെ പുതിയ വളരെ പഴയ