ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗമായവർക്ക് നിക്ഷേപത്തുക എടിഎം, യുപിഐ പേയ്മെന്റ് ഗേറ്റ് വേ വഴി പിൻവലിക്കാൻ സംവിധാനം ഒരുങ്ങുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനായി മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.
ഇതോടെ, നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാകും.
ഇപ്പോള്‍ ഓണ്‍ലൈൻ വഴി അപേക്ഷ സമർപ്പിച്ച ശേഷം ക്ലെയിം അനുവദിച്ചാലും പണം ലഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഇതില്‍ മാറ്റം വരുത്താനും സർക്കാർ നടപടികള്‍ ആരംഭിച്ചുണ്ടെന്നാണ് സൂചന.
പണം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ഇ പി എഫ് ഒയില്‍ മൂന്നാം തലമുറ സോഫ്റ്റ് വെയർ പരിഷ്കരിക്കും. ഈ വിഷയത്തില്‍ ബാങ്കുകളുമായി മുൻപ് തന്നെ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്.
നിലവില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് പണം പിൻവലിക്കാനുള്ള അനുമതിക്കായി ദിവസവും ഇപിഎഫ്‌ഒ കൈകാര്യം ചെയ്യേണ്ടി വരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ ഇങ്ങനെ ലഭിക്കുന്നുണ്ട്. യുപിഐ,എടിഎം സംവിധാനം നടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും.
ഇപിഎഫ്‌ഒയില്‍ നിലവില്‍ ഏഴ് കോടിയിലേറെ ജീവനക്കാരാണ് അംഗങ്ങളായുള്ളത്. പല അടിയന്തര ആവശ്യങ്ങള്‍ക്കും തുക പിന്‍വലിക്കാന്‍ അപേക്ഷിച്ച് ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയത്.
