കൊച്ചി: നഗരത്തെ നടുക്കി മറൈൻ ഡ്രൈവ് കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ മഴവിൽ പാലത്തിന് സമീപം ആൺകുഞ്ഞിന്റെ മൃതദേഹം കായലിൽ ഒഴുകിനടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
മഴവിൽ പാലത്തിന് സമീപമെത്തിയ രണ്ട് പെൺകുട്ടികളാണ് കായലിൽ മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ കായലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് എത്ര സമയത്തെ പഴക്കമുണ്ടെന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കൂടാതെ, സമീപത്തെ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രസവങ്ങളുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും നിന്ന് മൃതദേഹം ഒഴുക്കി വിട്ടതാണോ എന്ന കാര്യത്തിലും എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
