തിരുവനന്തപുരം: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സമൂഹത്തിന് മാതൃകയാവുകയും ചെയ്ത ആറ് വനിതകൾക്കുള്ള 2026-ലെ 'സ്ത്രീശക്തി' പുരസ്‌കാരങ്ങൾ സംസ്ഥാന വനിതാ കമ്മീഷൻ പ്രഖ്യാപിച്ചു. കണ്ണിനപ്പുറം കരുത്തുകാട്ടിയവരും കായിക-സാഹസിക മേഖലകളിൽ മികവ് തെളിയിച്ചവരുമാണ് ഇത്തവണത്തെ പുരസ്‌കാരത്തിന് അർഹരായത്.
ബുധനാഴ്ച രാവിലെ 11-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടത്തുന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കമ്മീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുരസ്‌കാര ജേതാക്കൾ:
* സി. താന്യനാഥൻ (കണ്ണൂർ): കാഴ്ചപരിമിതിയുള്ള ആദ്യ ജഡ്ജിയായി ചുമതലയേൽക്കാനൊരുങ്ങുന്ന പ്രതിഭ.
* ഇ. സ്വാലിഹ (പഴയങ്ങാടി, കണ്ണൂർ): ദേശീയ-അന്തർദേശീയ തലങ്ങളിൽ കയാക്കിങ് മെഡലുകൾ നേടിയ താരം.
* സുനിലീ (വർക്കല, തിരുവനന്തപുരം): തെങ്ങുകയറ്റത്തിൽ മാസ്റ്റർ ട്രെയിനറായി മാറിയ ധീര വനിത.
* എ.പി. സൈനബ (ഫറോക്ക്, കോഴിക്കോട്): പവർലിഫ്റ്ററായി മാറിയ പോസ്റ്റ് വുമൺ.
* സീന സാറ മജ്നു (തിരുവല്ല, പത്തനംതിട്ട): രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ പർവതാരോഹക.
* ജി.എസ്. റോഷ്‌നി (നെടുമങ്ങാട്, തിരുവനന്തപുരം): വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറും പാമ്പുപിടുത്ത വിദഗ്ധയും.
ജാഗ്രതാ സമിതി പുരസ്‌കാരങ്ങൾ:
മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികൾക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.
* മികച്ച ജില്ലാ പഞ്ചായത്ത്: കാസർകോട്
* മികച്ച മുനിസിപ്പാലിറ്റി: മട്ടന്നൂർ
* മികച്ച ഗ്രാമപഞ്ചായത്ത്: മാറനല്ലൂർ (തിരുവനന്തപുരം)
ജാഗ്രതാ സമിതി പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും.
