Zygo-Ad

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് ഇന്ന് തുടക്കം; പത്താം ക്ലാസുകാർക്ക് ഒന്നാം ബോർഡ് പരീക്ഷ നിർബന്ധം

 



ന്യൂഡൽഹി: രാജ്യത്തുടനീളം സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാർഷിക പരീക്ഷകൾക്ക് ഇന്ന് (ചൊവ്വാഴ്ച) തുടക്കമായി. പത്താം ക്ലാസിൽ 25.08 ലക്ഷവും പന്ത്രണ്ടാം ക്ലാസിൽ 18.59 ലക്ഷവും ഉൾപ്പെടെ ആകെ 43 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് പരീക്ഷാ സമയം. ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റ് അധികസമയം അനുവദിച്ചിട്ടുണ്ട്. 10 മണിക്ക് മുൻപായി വിദ്യാർഥികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കണമെന്ന് ബോർഡ് കർശന നിർദ്ദേശം നൽകി.
രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്ന പുതിയ രീതി ഈ വർഷം മുതൽ പത്താം ക്ലാസിൽ നടപ്പിലാക്കുകയാണ്. ഇതിൽ ആദ്യ പരീക്ഷ എഴുതുന്നത് വിദ്യാർഥികൾക്ക് നിർബന്ധമാണെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി. ആദ്യ പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിലെങ്കിലും ഹാജരാകാത്തവരെ 'എസൻഷ്യൽ റിപ്പീറ്റ്' (Essential Repeat) വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇങ്ങനെയുള്ളവർക്ക് രണ്ടാമത്തെ ബോർഡ് പരീക്ഷ എഴുതാൻ അനുവാദമുണ്ടാകില്ലെന്നും അവർക്ക് അടുത്ത വർഷം മാത്രമേ വീണ്ടും പരീക്ഷ എഴുതാൻ കഴിയൂ എന്നും ബോർഡ് അറിയിച്ചു.
അതേസമയം, ആദ്യ പരീക്ഷയിൽ വിജയിക്കുന്നവർക്ക് സയൻസ്, മാത്സ്, സോഷ്യൽ സയൻസ്, ലാംഗ്വേജ് എന്നിവയിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങളിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം ലഭിക്കും. പരീക്ഷാ ക്രമക്കേടുകൾ തടയാൻ പ്രത്യേക സ്ക്വാഡുകളുടെ നിരീക്ഷണവും കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ