Zygo-Ad

ഹൈക്കോടതി അനുമതി നൽകിയിട്ടും കാണാൻ ആളില്ല; 'ദി കേരള സ്റ്റോറി 2' സിനിമ അവഗണിച്ച് കേരളജനത

 


കൊച്ചി: വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ പ്രദർശനാനുമതി ലഭിച്ച 'ദി കേരള സ്റ്റോറി 2' സിനിമയ്ക്ക് കേരളത്തിലെ തിയറ്ററുകളിൽ തണുപ്പൻ പ്രതികരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കി പ്രദർശനത്തിന് പച്ചക്കൊടി കാട്ടിയെങ്കിലും റിലീസ് ദിനമായ ഇന്ന് ഒട്ടുമിക്ക തിയറ്ററുകളിലും കാണികൾ എത്തിയില്ല.

കോഴിക്കോട് റീഗൽ തിയേറ്ററിൽ വെറും രണ്ടുപേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കുറഞ്ഞ എണ്ണം കാണികൾ എത്തിയതിനെത്തുടർന്ന് ഇവിടെ ഷോ റദ്ദാക്കി. കൊച്ചിയിലും സമാനമായ അവസ്ഥയാണ് തുടരുന്നത്. എറണാകുളത്തെ പാൻ സിനിമസിൽ ആറ് പേരും പി.വി.ആറിൽ രണ്ട് പേരുമാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രധാന തിയറ്ററായ ഷേണായിസിലും കാണികളുടെ എണ്ണം വളരെ കുറവാണ്.

സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ 15 ദിവസത്തെ വിലക്ക് കഴിഞ്ഞ ദിവസമാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് സിനിമയ്ക്ക് പിന്നിലെന്ന് ആരോപിച്ച് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാൻസിസ് എന്നിവർ നൽകിയ ഹർജികളിലാണ് കോടതി വിധി വന്നത്.

നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവാദ രംഗങ്ങളടങ്ങിയ ട്രെയിലർ പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് ഉയർന്നത്. കേരളത്തിലെ തണുപ്പൻ പ്രതികരണത്തിന് പിന്നാലെ ഇതര സംസ്ഥാനങ്ങളിൽ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് സിനിമാ ലോകം ഉറ്റുനോക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ