Zygo-Ad

'കേരള സ്റ്റോറി 2' റിലീസ് ചെയ്യാം; സ്റ്റേ നീക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

 


കൊച്ചി: വിവാദ സിനിമ 'കേരള സ്റ്റോറി 2' ന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ചിത്രത്തിന്റെ റിലീസിന് വഴിതെളിഞ്ഞു. പൊതുതാൽപ്പര്യ സ്വഭാവമുള്ള ഹരജിയിൽ സിംഗിൾ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർമ്മാതാക്കളുടെ അപ്പീൽ പരിഗണിച്ച് ഉത്തരവിട്ടത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും സിനിമയുടെ ഭാഗമല്ലെന്നും, സെൻസർ ബോർഡ് പ്രവർത്തനാനുമതി (സർട്ടിഫിക്കറ്റ്) നൽകിയ സാഹചര്യത്തിൽ ചിത്രം പ്രദർശനയോഗ്യമാണെന്നും കോടതി വിലയിരുത്തി.

സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് നേരത്തെ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെൻസർ ബോർഡ് ചിത്രം കണ്ട് കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

വ്യാഴാഴ്ച രാത്രി അടിയന്തരമായാണ് ഡിവിഷൻ ബെഞ്ച് നിർമ്മാതാക്കളുടെ ഹരജിയിൽ വാദം കേട്ടത്. ഹരജിക്കാരുടെ എന്ത് സ്വകാര്യ താൽപ്പര്യമാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. സിനിമയുടെ റിലീസ് തടയുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും നിർമ്മാതാക്കൾ വാദിച്ചു. സിനിമ കേരളത്തെ അപമാനിക്കുന്നതല്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

സിനിമ കണ്ട് വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിന് മാത്രമാണെന്നും, അതിനു മുകളിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിർമ്മാതാക്കൾ വാദിച്ചു. വെറും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ കണ്ട് ചിത്രത്തെ വിലയിരുത്തരുത്. 1500 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും വിലക്കേർപ്പെടുത്തിയാൽ കോടികളുടെ നഷ്ടമുണ്ടാകുമെന്നുമുള്ള നിർമ്മാതാക്കളുടെ വാദം അംഗീകരിച്ചാണ് കോടതി സ്റ്റേ നീക്കിയത്.



വളരെ പുതിയ വളരെ പഴയ