കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2'ന്റെ റിലീസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കിടെ, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകി നിർമാതാക്കൾ. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് എടുത്തവർക്കാണ് പണം റീഫണ്ട് ചെയ്തത്. ഇതോടെ നിർമാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനുള്ള നീക്കത്തിൽ നിന്ന് ഹർജിക്കാർ പിന്മാറി.
ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സ്റ്റേ നിലനിൽക്കെ ബുക്കിംഗ് ആരംഭിച്ചതാണ് വിവാദമായത്. കോടതി വിധിയോടുള്ള അനാദരവാണ് ഇതെന്നും നിർമാതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള ഷോകൾക്കാണ് ബുക്കിംഗ് സൈറ്റുകളിൽ അനുമതി നൽകിയിരുന്നത്.
മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരിക്കുകയാണ്. കേരളത്തെ ആഗോളതലത്തിൽ വർഗീയതയുടെ നാടായി ചിത്രീകരിക്കാൻ സിനിമ കാരണമാകുമെന്നും സെൻസർ ബോർഡ് ഇത്തരം കാര്യങ്ങൾ പരിഗണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിയമനടപടികൾ കർശനമായതോടെയാണ് ടിക്കറ്റ് തുക തിരികെ നൽകി ഒത്തുതീർപ്പിന് നിർമാതാക്കൾ തയ്യാറായത്.
