തിരുവനന്തപുരം: റോഡിലെ നിയമലംഘകരെയും അമിതവേഗതക്കാരെയും കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) പുതിയ കർശന നടപടികളിലേക്ക്. ഉദ്യോഗസ്ഥരെ കാണുമ്പോൾ മാത്രം നിയമം പാലിക്കുന്ന രീതിക്ക് തടയിടാൻ ലക്ഷ്യമിട്ട്, ഇനിമുതൽ മഫ്തിയിലായിരിക്കും പരിശോധന. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഡ്രൈവർമാരെ പൂട്ടാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രത്യേക നിർദ്ദേശം നൽകി.
സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ ചീറിപ്പായുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥർ ക്യാമറയിൽ പകർത്തും. നിയമലംഘനം നടത്തിയാൽ നിമിഷങ്ങൾക്കകം ഫോട്ടോ സഹിതമുള്ള ഇ-ചലാൻ ഉടമയുടെ മൊബൈലിലെത്തും. തിരക്കേറിയ സമയങ്ങളിൽ സ്ക്വാഡുകളായി തിരിഞ്ഞാകും ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുക.
പ്രധാന നിയന്ത്രണങ്ങൾ:
* സീബ്രാ ലൈൻ: ലൈനിന് മുകളിൽ വണ്ടി നിർത്തുന്നവർക്കും ഒന്നര മീറ്റർ ദൂരപരിധി പാലിക്കാത്തവർക്കും പിഴ ഉറപ്പ്.
* കാൽനടയാത്രക്കാർക്ക് മുൻഗണന: വഴി മുറിച്ചു കടക്കാൻ നിൽക്കുന്നവർക്ക് സൗകര്യം നൽകാതെ ചീറിപ്പായുന്നവർക്കെതിരെ കർശന നടപടി.
* ഫൂട്പാത്ത് കൈയേറ്റം: വശങ്ങളിലൂടെയും ഫൂട്പാത്തിലൂടെയും ബൈക്ക് ഓടിക്കുന്നവർ ക്യാമറക്കണ്ണുകളിൽ കുടുങ്ങും.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ ബൈക്ക് ഓടിച്ചയാളെ വയോധിക തടഞ്ഞ സംഭവം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എംവിഡി ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
