Zygo-Ad

തെരുവ് നായ ആക്രമണം: നഷ്ടപരിഹാര സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിംഗ് വെള്ളിയാഴ്ച തലശേരിയിൽ

 


കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റവർക്കും ആക്രമണത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്ന 'സ്‌ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ കമ്മിറ്റി'യുടെ (Stray Dog Victim Compensation Committee) ജില്ലയിലെ ആദ്യ സിറ്റിംഗ് ഫെബ്രുവരി 13 വെള്ളിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് തലശേരി കോടതി സമുച്ചയത്തിലെ ജില്ലാ നിയമ സേവന അതോറിറ്റിയുടെ അദാലത്ത് ഹാളിലാണ് സിറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്.

ആദ്യ ദിനത്തിൽ 2017-ലെ 10 പരാതികളാണ് പരിഗണിക്കുന്നത്. ഇതിൽ മൊകേരി ഗ്രാമപഞ്ചായത്തിലെ എട്ടും, എരുവേശി പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പരാതികളുമാണ് ഉള്ളത്. ജില്ലയിൽ 2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് ആകെ 1083 പരാതികളാണ് തീർപ്പാക്കാനുള്ളത്.

അപേക്ഷിക്കേണ്ട വിധം

തെരുവ് നായയുടെ കടിയേറ്റവർക്കും നായ കുറുകെ ചാടി വാഹനാപകടം സംഭവിച്ചവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. മുമ്പ് എറണാകുളത്ത് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്കായിരുന്നു അപേക്ഷ നൽകേണ്ടിയിരുന്നത്. എന്നാൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇപ്പോൾ അതത് ജില്ലയിലെ ജില്ലാ നിയമ സേവന അതോറിറ്റിയിൽ (DLSA) അപേക്ഷ നൽകിയാൽ മതിയാകും. മുമ്പ് സിരിജഗൻ കമ്മിറ്റിക്ക് നൽകിയ അപേക്ഷകൾ ജില്ലകളിലേക്ക് കൈമാറിയിട്ടുള്ളതിനാൽ അവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പുതിയ അപേക്ഷകൾ നേരിട്ടോ ഇമെയിൽ വഴിയോ സമർപ്പിക്കാം. അപേക്ഷയിൽ സംഭവം നടന്ന സ്ഥലം, സമയം, തദ്ദേശ സ്ഥാപനത്തിന്റെ പേര് എന്നിവ വ്യക്തമാക്കണം.

സമിതി ഘടന:

ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി (സീനിയർ സിവിൽ ജഡ്ജ്) ചെയർമാനായ സമിതിയിൽ ഡി.എം.ഒ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവരാണ് അംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 0490 2991466

വിലാസം: സെക്രട്ടറി, ജില്ലാ നിയമസേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, തലശേരി- 670101.

 

വളരെ പുതിയ വളരെ പഴയ