ന്യൂഡൽഹി: നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നല്‍കുന്നതാണ് പരമോന്നത കോടതിയുടെ നടപടി.
സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപില്‍ സിബലാണ് ഹാജരായത്. ക്ഷേമപദ്ധതികള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
ഭരണപരമായ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു.
കേസില്‍ കോടതി എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ക്ഷേമ പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവര ശേഖരണം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു.
രാഷ്ട്രീയ നേതാക്കള്‍ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികള്‍ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങള്‍ക്ക് ഇത്തരം പരിശോധനകള്‍ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വിവര ശേഖരണം തടയാനാകില്ല
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെ എസ് യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാല്‍, ഈ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടു പോകാൻ അനുമതി നല്‍കിയത്.
രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വികസന-ക്ഷേമ പ്രവർത്തനങ്ങള്‍ക്കായുള്ള വിവര ശേഖരണം തടയാനാവില്ലെന്ന് കോടതി അടിവരയിട്ടു.
സർവേയ്ക്ക് 20 കോടി രൂപയുടെ ചിലവ് സംബന്ധിച്ച് സംസ്ഥാനം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വെബ്സൈറ്റ് പ്രകാരം ഇനി കേസ് പരിഗണിക്കുക ഏപ്രില്‍ 13 നായിരിക്കും.
