Zygo-Ad

"കടിക്കാൻ വരുന്ന പട്ടിക്ക് കൗൺസിലിങ് നൽകാനാകുമോ?" തെരുവുനായ ശല്യത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി


ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി. "കടിക്കാൻ വരുന്ന പട്ടിക്ക് കൗൺസിലിങ് കൊടുക്കാൻ പറ്റുമോ?" എന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു. ഒരു നായ കടിക്കാൻ മുതിരുമ്പോൾ അതിന്റെ മനസ്സ് വായിക്കാൻ ആർക്കും കഴിയില്ലെന്നും, നായകളെ കൂട്ടിലാക്കാതെ കൗൺസിലിങ് നൽകി ആരെയും കടിക്കരുതെന്ന് പറഞ്ഞ് മനസ്സിലാക്കാനാണോ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഈ പരാമർശങ്ങൾ.

തെരുവുനായ്ക്കൾ ആളുകളെ ആക്രമിക്കുന്നത് കൂടാതെ റോഡുകളിൽ അപകടങ്ങൾ സൃഷ്ടിക്കുന്നതും വലിയ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. "ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലത്" എന്ന് ഓർമിപ്പിച്ച കോടതി, നിലവിലെ സാഹചര്യം അതീവ ഗൗരവകരമാണെന്ന് വ്യക്തമാക്കി.

മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, നായ്ക്കളെ പെട്ടെന്ന് നീക്കം ചെയ്യുന്നത് നഗര ആവാസവ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വാദിച്ചു. ഇന്ത്യയിലെ മാലിന്യ നിക്ഷേപവും ചേരികളും പരിഗണിക്കുമ്പോൾ നായ്ക്കളുടെ സാന്നിധ്യം ആവശ്യമാണെന്ന അഭിഭാഷകന്റെ വാദത്തിന് മറുപടിയായാണ് കോടതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. തെരുവുനായ്ക്കളുടെ നിയന്ത്രണ കാര്യത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി.



വളരെ പുതിയ വളരെ പഴയ