Zygo-Ad

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ പരിസ്ഥിതി നയങ്ങളുടെ ശില്പി

 


മുംബൈ: ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും.

പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്' ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തിലെ ഏറ്റവും നിർണായകവും ചർച്ച ചെയ്യപ്പെട്ടതുമായ ഒന്നാണ്. വിദേശത്തെ പ്രശസ്തമായ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) 30 വർഷത്തോളം സേവനമനുഷ്ഠിച്ചു. അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.

പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിൽ അംഗമായിരുന്ന ഗാഡ്ഗിൽ, പരിസ്ഥിതിയെ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ അജണ്ടകളുടെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചു. പശ്ചിമഘട്ട റിപ്പോർട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തലങ്ങളിൽ വലിയ എതിർപ്പുകൾ നേരിട്ടപ്പോഴും തന്റെ ശാസ്ത്രീയ നിലപാടുകളിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. പിൽക്കാലത്തുണ്ടായ പല പ്രകൃതി ദുരന്തങ്ങളും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ