തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാൻ തീരുമാനമായി. ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനം. പുതുക്കിയ ശമ്പള പാക്കേജിന് 2026 ജനുവരി 1 മുതൽ പ്രാബല്യമുണ്ടാകും.
നിലവിൽ 18,000 രൂപയായിരുന്ന പരമാവധി അടിസ്ഥാന വേതനം 21,000 രൂപയായാണ് വർധിപ്പിച്ചത്. കൂടാതെ അധിക കമ്മീഷൻ നിരക്കിലും വലിയ വർധനവ് വരുത്തിയിട്ടുണ്ട്.
പുതുക്കിയ വേതന നിരക്കുകൾ ഒറ്റനോട്ടത്തിൽ:
* 15 ക്വിന്റൽ വരെ: പ്രതിമാസ കമ്മീഷൻ 6,800 രൂപ.
* 15 - 45 ക്വിന്റൽ: അടിസ്ഥാന കമ്മീഷൻ 9,000 രൂപ. ഇതിന് പുറമെ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ വീതം അധികമായി ലഭിക്കും (നേരത്തെ ഇത് 180 രൂപയായിരുന്നു).
* 45 ക്വിന്റലിന് മുകളിൽ: അടിസ്ഥാന കമ്മീഷൻ 21,000 രൂപ. 45 ക്വിന്റലിന് മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ വീതം ലഭിക്കും.
റേഷൻ വ്യാപാരികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ പരിഷ്കരണം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും
