Zygo-Ad

കേരളത്തിൽ തെരുവുനായ ആക്രമണം രൂക്ഷം: പത്ത് വർഷത്തിനിടെ പൊലിഞ്ഞത് 118 ജീവനുകൾ; 12 പേർ കുട്ടികൾ


  തിരുവനന്തപുരം :സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പേവിഷബാധയേറ്റ് കേരളത്തിൽ 118 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ പത്ത് വയസ്സിൽ താഴെയുള്ള 12 കുട്ടികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. 2025 നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം വിവരാവകാശ നിയമപ്രകാരമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

മരിച്ചവരിൽ 28 പേർക്ക് വളർത്തുനായ്ക്കളിൽ നിന്നാണ് പേവിഷബാധയേറ്റത്. പ്രായം തിരിച്ചുള്ള കണക്കുകളിൽ, 10-നും 20-നും ഇടയിൽ പ്രായമുള്ള ഒൻപത് പേരും ഈ കാലയളവിൽ മരണത്തിന് കീഴടങ്ങി.

ജില്ലാതിരിച്ചുള്ള കണക്കുകൾ:

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ് (21 പേർ). ഏറ്റവും കുറവ് മരണങ്ങൾ രേഖപ്പെടുത്തിയത് കാസർകോട് ജില്ലയിലാണ് (ഒരാൾ). മറ്റ് ജില്ലകളിലെ കണക്കുകൾ താഴെ വരുംവിധമാണ്:

| ജില്ല | മരണം | ജില്ല | മരണം |

|---|---|---|---|

| തിരുവനന്തപുരം | 16 | പാലക്കാട് | 13 |

| ആലപ്പുഴ | 12 | തൃശ്ശൂർ | 11 |

| എറണാകുളം | 9 | കോഴിക്കോട് | 9 |

| പത്തനംതിട്ട | 7 | കണ്ണൂർ | 7 |

| മലപ്പുറം | 4 | ഇടുക്കി | 3 |

| വയനാട് | 3 | കോട്ടയം | 2 |

നഷ്ടപരിഹാരം ഫയലിലൊതുങ്ങുന്നു

നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്കോ ഗുരുതരമായി പരിക്കേൽക്കുന്നവർക്കോ യാതൊരുവിധ സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ ചികിത്സാ സഹായം പോലും ലഭിക്കുന്നില്ലെന്ന് ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് (FARM) വ്യക്തമാക്കുന്നു.

സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചതോടെയാണ് നഷ്ടപരിഹാര നടപടികൾ പ്രതിസന്ധിയിലായത്. പകരം 'ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി' രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടെങ്കിലും, ഇതിന്റെ പ്രവർത്തനം ഇതുവരെയും പ്രായോഗിക തലത്തിൽ എത്തിയിട്ടില്ല.




വളരെ പുതിയ വളരെ പഴയ