Zygo-Ad

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധം; ഉയർന്ന യോഗ്യതയുള്ളവർക്കും ഇനി ഇളവില്ല


 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കി. ഇനി മുതൽ അധ്യാപക തസ്തികകളിലേക്ക് കെ-ടെറ്റ് (K-TET) നിർബന്ധമാണ്. ഉയർന്ന യോഗ്യതകളായ നെറ്റ് (NET), സെറ്റ് (SET), എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് എന്നിവയുള്ളവർക്ക് നേരത്തെ നൽകിയിരുന്ന ഇളവുകൾ പൂർണ്ണമായും റദ്ദാക്കി.

2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, ഉയർന്ന ബിരുദങ്ങൾ ഉള്ളവരും അധ്യാപക ജോലിയിലേക്കും പ്രമോഷനുകൾക്കും കെ-ടെറ്റ് യോഗ്യത നേടേണ്ടി വരും.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

 * സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ്: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി 3 നിർബന്ധമാണ്.

 * എൽ.പി/യു.പി വിഭാഗം: ഈ തസ്തികകളിലെ നിയമനത്തിന് കെ-ടെറ്റ് കാറ്റഗറി 1 അല്ലെങ്കിൽ 2 വിജയിച്ചിരിക്കണം.

 * ഹൈസ്കൂൾ നിയമനം: ഹൈസ്കൂൾ അധ്യാപക തസ്തികകളിലേക്ക് കാറ്റഗറി 3 യോഗ്യത തന്നെ വേണം.

 * സി-ടെറ്റ് (C-TET) ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ വിജയിച്ചവർക്കുള്ള ഇളവുകൾ തുടരും. പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി വിഭാഗത്തിലും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി വിഭാഗത്തിലും പരിഗണിക്കും.

 * ബൈട്രാൻസ്ഫർ നിയമനം: എച്ച്.എസ്.ടി, യു.പി.എസ്.ടി, എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയം ഇനി മുതൽ അനിവാര്യമാണ്.

അധ്യാപന രംഗത്തെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ നിയമങ്ങൾ പരിഷ്കരിച്ചത്. ഇതോടെ പി.എസ്.സി പരീക്ഷകൾക്കും സ്ഥാനക്കയറ്റങ്ങൾക്കും തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ കെ-ടെറ്റ് പരീക്ഷ കൂടി എഴുതി വിജയിക്കേണ്ടി വരും.


 

വളരെ പുതിയ വളരെ പഴയ