ന്യൂഡൽഹി: ഫാസ്‌ടാഗ് ഉപഭോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പ്രായോഗിക ബുദ്ധിമുട്ടിന് പരിഹാരവുമായി ദേശീയപാതാ അതോറിറ്റി (NHAI). ഫെബ്രുവരി ഒന്ന് മുതൽ വിതരണം ചെയ്യുന്ന ഫാസ്‌ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്തതിന് ശേഷമുള്ള KYC (Know Your Customer/Vehicle) നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചു.
നേരത്തെ ഫാസ്‌ടാഗുകൾ ആക്ടിവേറ്റ് ചെയ്താലും പിന്നീട് കെവൈവി നടപടികൾ പൂർത്തിയാക്കാത്ത പക്ഷം ടാഗുകൾ റദ്ദാക്കപ്പെടുമായിരുന്നു. ഈ കടമ്പയാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
* പുതിയ ടാഗുകൾക്ക് ഇളവ്: കാർ, ജീപ്പ്, വാൻ വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഫെബ്രുവരി 1 മുതൽ ലഭിക്കുന്ന ഫാസ്‌ടാഗുകൾക്ക് പിന്നീട് കെവൈവി ചെയ്യേണ്ടതില്ല.
* പഴയ ടാഗുകൾക്കും ആശ്വാസം: നിലവിലുള്ള ഫാസ്‌ടാഗുകൾക്കും ഇനി മുതൽ സ്ഥിരമായി കെവൈവി ആവശ്യപ്പെടില്ല. എന്നാൽ പരാതികൾ ലഭിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഇത് നിർബന്ധമാക്കും.
* സുരക്ഷാ പരിശോധന കർശനം: ആക്ടിവേഷന് ശേഷമുള്ള പരിശോധന ഒഴിവാക്കിയെങ്കിലും, ആക്ടിവേഷന് മുൻപുള്ള സുരക്ഷാ ക്രമീകരണങ്ങൾ അതോറിറ്റി ശക്തമാക്കിയിട്ടുണ്ട്.
ആക്ടിവേഷൻ നടപടികൾ ഇങ്ങനെ:
ഫാസ്‌ടാഗുകൾ പ്രവർത്തനസജ്ജമാക്കുന്നതിന് മുൻപ് വാഹനത്തിന്റെ വിവരങ്ങൾ 'വാഹൻ' (Vahan) ഡേറ്റാബേസുമായി ഒത്തുനോക്കി ഉറപ്പുവരുത്തും. ഡേറ്റാബേസിൽ വിവരങ്ങളില്ലാത്ത വാഹനങ്ങൾക്കായി ആർസി (RC) അടിസ്ഥാനമാക്കിയുള്ള വാലിഡേഷൻ നടത്തണം. ഓൺലൈൻ വഴി വാങ്ങുന്ന ഫാസ്‌ടാഗുകൾ ബാങ്കുകൾ വാലിഡേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ഇനി മുതൽ ആക്ടിവേറ്റാവുകയുള്ളൂ.
