Zygo-Ad

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു;ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍


കോഴിക്കോട്: ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില നിയന്ത്രണാതീതമായി ഉയരുന്നു. 

കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില. ചില്ലറ വില്‍പ്പനയില്‍ പോലും കിലോയ്ക്ക് 180 രൂപ വരെ ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴിയുടെ വിലയില്‍ 50 രൂപയിലധികമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മൂന്നു ആഴ്ച മുന്‍പ് 170 രൂപയായിരുന്നു കിലോ വില. പിന്നീട് രണ്ടാഴ്ച മുന്‍പ് ബ്രോയിലര്‍ കോഴിക്ക് 200 രൂപയായി ഉയര്‍ന്നു.

ലഗോണ്‍ ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയും സ്പ്രിംഗ് കോഴിക്ക് 340 രൂപയുമായി വില വര്‍ധിച്ചു. ഇത്രയും വലിയ വില വര്‍ധന മുമ്പെങ്ങുമുണ്ടായിട്ടില്ലെന്ന് ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹികൾ പറഞ്ഞു.വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വില ഉയര്‍ത്തുന്നതെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.

തമിഴ്‌നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള ഫാമുകള്‍ വിപണി നിയന്ത്രിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്നും വ്യാപാരികള്‍ പറയുന്നു. 

വിലക്കയറ്റം മൂലം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടയപ്പ് സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ