Zygo-Ad

രാജ്യത്തെ ബാങ്കിംഗ് മേഖല ഇന്ന് സ്തംഭിച്ചേക്കും; അഞ്ച് പ്രവൃത്തിദിനങ്ങൾ ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിൽ

 


കണ്ണൂർ: ബാങ്കിംഗ് മേഖലയിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്. ഒൻപത് പ്രമുഖ ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് പൂർണ്ണമായും തടസ്സപ്പെട്ടേക്കും.

ചർച്ചകൾ പരാജയം

ജനുവരി 23-ന് ചീഫ് ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകാൻ ബാങ്ക് മാനേജ്‌മെന്റുകളോ അധികൃതരോ തയ്യാറാകാത്തതാണ് പണിമുടക്കിലേക്ക് നയിച്ചത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധാർഹമാണെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി.

പ്രധാന ആവശ്യങ്ങൾ:

 * നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രമുള്ള അവധി എല്ലാ ശനിയാഴ്ചകളിലേക്കും വ്യാപിപ്പിക്കുക.

 * ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ സ്ഥിരപ്പെടുത്തുക.

 * ഇതിനു പകരമായി ബാക്കി അഞ്ച് ദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും ജീവനക്കാർ അറിയിച്ചിട്ടുണ്ട്.

പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ മിക്ക പൊതുമേഖലാ ബാങ്കുകളും ഉപഭോക്താക്കൾക്ക് മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും എടിഎം സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ലെന്നാണ് സൂചന.



വളരെ പുതിയ വളരെ പഴയ