ആലപ്പുഴ: ചാരുംമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിടിച്ച് മരിച്ച ഭിക്ഷാടകന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ ലക്ഷങ്ങൾ കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റു മരിച്ച അനൽ കിഷോർ എന്നയാളുടെ പക്കൽ നിന്നുമാണ് ഏകദേശം രണ്ടര ലക്ഷത്തോളം രൂപ പോലീസ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം ചാരുംമൂട് ജംഗ്ഷനിൽ വെച്ചാണ് അനിലിനെ സ്കൂട്ടർ ഇടിച്ചത്. അപകടത്തിന് ശേഷം സമീപത്തെ കടത്തിണ്ണയിൽ വിശ്രമിക്കുകയായിരുന്ന ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നൂറനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളുടെ പക്കലുണ്ടായിരുന്ന തുണിസഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെടുക്കുന്നത്.
നിലവിൽ ഒരു സഞ്ചിയിലെ പണം എണ്ണിയപ്പോഴാണ് രണ്ടര ലക്ഷത്തോളം രൂപ കണ്ടെത്തിയത്. ഇയാളുടെ പക്കൽ ഇനിയും മറ്റ് സഞ്ചികളുണ്ടെന്നും അതിലെ തുക കൂടി എണ്ണിത്തിട്ടപ്പെടുത്താനുണ്ടെന്നും പോലീസ് അറിയിച്ചു. പണം ട്രഷറിയിൽ നിക്ഷേപിക്കാനാണ് പോലീസിന്റെ തീരുമാനം. നിലവിൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
