Zygo-Ad

കെഎസ്ആര്‍ടിസിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍; ചരിത്ര വരുമാന നേട്ടത്തിൽ ആനവണ്ടി

 


തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറാകും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ അഭ്യർത്ഥന കണക്കിലെടുത്ത് പൂർണ്ണമായും സൗജന്യമായാണ് മോഹൻലാൽ ഈ ചുമതല ഏറ്റെടുക്കുന്നത്.

കെഎസ്ആർടിസിയുടെ ഉന്നമനത്തിനായി പ്രമുഖ സംവിധായകരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പരസ്യചിത്രങ്ങളിൽ മോഹൻലാൽ സഹകരിക്കും. മന്ത്രിയുമായുള്ള വ്യക്തിപരമായ സൗഹൃദം കൂടി പരിഗണിച്ചാണ് താരം ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായതെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.

റെക്കോർഡ് വരുമാന തിളക്കത്തിൽ കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനവും മന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജനുവരി അഞ്ചിന് മാത്രം 13.01 കോടി രൂപയാണ് സ്ഥാപനം വരുമാനമായി നേടിയത്. ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെയും 0.83 കോടി രൂപ ടിക്കറ്റ് ഇതര വരുമാനത്തിലൂടെയുമാണ് ലഭിച്ചത്. ഈ ചരിത്ര നേട്ടത്തിൽ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

പത്തനാപുരത്ത് തന്നെ മത്സരിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരം മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും ഗണേഷ് കുമാർ അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം വലുതാണെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.




വളരെ പുതിയ വളരെ പഴയ