ബാങ്ക് അധികൃതരുടെ സമയോചിത ഇടപെടൽ കാരണം 'ഡിജിറ്റൽ അറസ്റ്റ്' എന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന് വയോധികന് നാലര ലക്ഷം രൂപ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.
വൈപ്പിനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിലാണ് സംഭവം. തന്റെ അക്കൗണ്ടിലുള്ള 4.5 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ ചെക്കുമായി 64-കാരനായ ഇടപാടുകാരൻ ബാങ്കിലെത്തി. വർഷങ്ങളായി ബാങ്കുമായി ബന്ധമുള്ള അദ്ദേഹത്തോട്, ഇത്രയും വലിയ തുക ട്രാൻസ്ഫർ ചെയ്യുന്നതിന്റെ കാരണം ബാങ്ക് ജീവനക്കാർ തിരക്കി. ചോദ്യം കേട്ട ഉടൻ തന്നെ 'പിന്നീട് വരാം' എന്ന് പറഞ്ഞ് അദ്ദേഹം അസ്വാഭാവികമായി പെരുമാറുകയും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി കാറിൽ ഇരിക്കുകയും ചെയ്തു.
വയോധികന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ പണം അയയ്‌ക്കേണ്ട അക്കൗണ്ട് പരിശോധിച്ചു. അത് ഉത്തരേന്ത്യയിലെ ഒരു വിലാസമാണെന്ന് മനസ്സിലാക്കിയതോടെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ഉടൻ തന്നെ പുറത്തിറങ്ങി അദ്ദേഹത്തെ അന്വേഷിച്ചു.
കാറിൽ ഇരിക്കുകയായിരുന്ന വയോധികൻ, താൻ രാവിലെ 9 മണി മുതൽ 'ഡിജിറ്റൽ അറസ്റ്റി'ലാണ് എന്ന് ബാങ്ക് ജീവനക്കാരോട് പറഞ്ഞു. മുംബൈ പോലീസ് ആണെന്ന് പരിചയപ്പെടുത്തി വിളിച്ച സംഘം, തട്ടിപ്പിലൂടെ ലഭിച്ച ഒരു വലിയ തുക ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അത് ഉടൻ എത്തുമെന്നും അറിയിക്കുകയായിരുന്നു.
യഥാർത്ഥ പോലീസ് യൂണിഫോമും ഓഫീസുമെല്ലാം കാണിച്ചുകൊണ്ടുള്ള വീഡിയോ കോളിലൂടെയാണ് തട്ടിപ്പുകാർ സംസാരിച്ചത്. അക്കൗണ്ടിൽ പണം എത്തിയാൽ കേസെടുക്കുമെന്നും, അത് ഒഴിവാക്കാൻ നിലവിലുള്ള പണം അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് മറ്റു രണ്ട് ബാങ്കുകളിലായുള്ള 78,000 രൂപ അദ്ദേഹം ഇതിനോടകം അയച്ചുകൊടുത്തിരുന്നു. ശേഷിച്ച പണം അയക്കാനായാണ് അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിൽ എത്തിയത്.
ബാങ്ക് ജീവനക്കാർ വിവരങ്ങൾ തിരക്കിയതോടെ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കി. തുടർന്ന്, സംഭവത്തിൽ വിശദമായ പരാതി സൈബർ സെല്ലിനും കേന്ദ്രീകൃത സഹായ സംവിധാനമായ 1930 എന്ന നമ്പറിലേക്കും നൽകിയിട്ടുണ്ട്. നഷ്ടപ്പെട്ട 78,000 രൂപ തിരികെ ലഭിക്കുന്നതിനും 64-കാരൻ പരാതി നൽകിയിട്ടുണ്ട്.
