വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൊട്ടിക്കലാശം നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കും.
അതേസമയം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. കണ്ണൂരിലെ മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിന്റെ കാലാവധി 2027 സെപ്തംബർ 10 വരെ നിലനിൽക്കുന്നതിനാൽ അവിടെ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
സംസ്ഥാനത്തുടനീളം ഗ്രാമപഞ്ചായത്തിൽ 28,288 പേരും ബ്ലോക്ക് പഞ്ചായത്തിൽ 3,742 പേരും ജില്ലാ പഞ്ചായത്തിൽ 681 പേരും മുനിസിപ്പാലിറ്റികളിൽ 5,551 പേരും കോർപ്പറേഷനുകളിൽ 751 പേരും ഉൾപ്പെടെ ആയിരങ്ങളാണ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്.
കണ്ണൂർ ജില്ലയിൽ 14 വാർഡുകളിലും കാസർകോട് ജില്ലയിൽ രണ്ട് വാർഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 81,13,064 സ്ത്രീ വോട്ടർമാരെ ഉൾപ്പെടെ 1,53,78,937 പേരാണ് ആകെ വോട്ടർമാർ. പോളിംഗ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച ആരംഭിക്കും
