Zygo-Ad

13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവ്; വൻതുക പിഴയും വിധിച്ചു


തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 78 വർഷം കഠിന തടവും നാലേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർളയുടേതാണ് വിധി. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി നാലര വർഷം അധിക തടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയായ കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ആദ്യ ബന്ധം ഉപേക്ഷിച്ച ശേഷം പ്രതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹത്തിന് ശേഷം വീട്ടിൽ വെച്ച് പ്രതി പല തവണകളായി കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്തിയത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കോടതി സ്വീകരിച്ചത്. പ്രതിയെ ശിക്ഷാവിധിക്ക് ശേഷം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.



വളരെ പുതിയ വളരെ പഴയ