തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നില്‍ പങ്കെടുത്ത് നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന മുഖ്യാതിഥിയായത്.
ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്താണ് ക്രിസ്‌മസ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ഭാവനയുടെ ചിത്രം മന്ത്രി വി ശിവൻകുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
'സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്‌ക്കും ഒപ്പം' എന്ന് അദ്ദേഹം ഫോട്ടോയ്‌ക്ക് താഴെ കുറിച്ചു. ഭാവനയെ കൂടാതെ ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെയുള്ള ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖരും വിരുന്നിന്റെ ഭാഗമായി.
സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മത നേതാക്കള്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാല്‍ വിരുന്നില്‍ പങ്കെടുത്തില്ല. പകരമായി ലോക്‌ഭവനില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും.
ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകള്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ഗള്‍ഫ് ട്രിറ്റ് എന്ന യുട്യൂബ് ചാനലിനോട് മുൻപ് ഭാവന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ഇൻസ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളതെന്നും അതും 2019ലാണ് തുടങ്ങിയതെന്നും ഭാവന പറയുന്നു. ഒപ്പം സൗഹൃദത്തെയും വിശ്വാസത്തെ പറ്റിയും ഭാവന സംസാരിച്ചു.

