Zygo-Ad

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയാഘോഷങ്ങൾ അക്രമാസക്തമായി; സംഘർഷത്തിൽ ഒരാൾ മരിച്ചു, സംസ്ഥാനത്ത് നിരവധി പേർക്ക് പരിക്ക്

 


കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയാഹ്ലാദ പ്രകടനങ്ങൾ അക്രമാസക്തമായി. പലയിടത്തും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. വിവിധയിടങ്ങളിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 മരണം കോട്ടയത്ത്

കോട്ടയം പള്ളിക്കത്തോട്ടിൽ കോൺഗ്രസ്-കേരള കോൺഗ്രസ് (എം) പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞുവീണാണ് കേരള കോൺഗ്രസ് (എം) പ്രവർത്തകനായ സിബി മരണപ്പെട്ടത്.

 പ്രധാന സംഘർഷങ്ങൾ: സ്ഥാനാർഥികൾക്കും പരിക്ക്

 * കാഞ്ഞിരപ്പള്ളി: യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണത്തിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സുനിൽ തേനംമാക്കൽ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കാസർകോട്:

   * ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം പ്രവർത്തകരുടെ മർദനമേറ്റു. തടയാൻ ശ്രമിച്ച പോലീസുകാർക്കും പരിക്കുണ്ട്.

   * മംഗൽപാടിയിലെ പച്ചിലംപാറയിലും ഷിറിയയിലുമായി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ആറ് പേർക്ക് പരിക്കേറ്റു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഷറഫ് പച്ചിലംപാറയുടെ വീട് ആക്രമിച്ചു തകർത്തതായും പരാതിയുണ്ട്.

 കോഴിക്കോട്:

   * കടലുണ്ടിയിൽ സിപിഎം-ബിജെപി സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പോലീസ് ക്യാമ്പ് ചെയ്യുന്നു.

   * കക്കോടിയിൽ വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായി.

 നാശനഷ്ടങ്ങൾ

 * കോഴിക്കോട് ഏറാമല പഞ്ചായത്തിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ അക്രമണമുണ്ടായി.

 * മലപ്പുറം പൊന്നാനിയിലെ മുക്കാടിയിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയതിനെ തുടർന്ന് നടന്ന ആഹ്ലാദത്തിനിടെ പടക്കമെറിഞ്ഞതിനെ തുടർന്ന് വീടിന് തീപിടിച്ചു.

 * ഇടുക്കി ഇടവെട്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുടെ വീടിനു നേരെയും അക്രമണമുണ്ടായി.

 കുട്ടികൾക്കും പരിക്ക്

 * കണ്ണൂർ കൂടാളിയിൽ യുഡിഎഫ് പ്രകടനത്തിനിടെ പടക്കം പൊട്ടി 13 വയസ്സുകാരിക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് പലയിടത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ