ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച തുടരുന്നു. ചൊവ്വാഴ്ച വിപണി തുറന്നതിനു പിന്നാലെ തന്നെ രൂപ ഡോളറിനെതിരെ 90.82 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച ഒരു ഡോളറിന് 90.80 വരെ താഴ്ന്നിരുന്ന രൂപ, പിന്നീട് അല്പം തിരിച്ചുകയറി 90.74 നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിനുള്ള ആവശ്യകത വർധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുന്നതും ഇന്ത്യ–യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണങ്ങൾ. കൂടാതെ, ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മൂല്യം ഇടിഞ്ഞ കറൻസിയാണ് ഇന്ത്യൻ രൂപ. ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിൽ ഒന്നായി രൂപ മാറിയിട്ടുണ്ട്. ഡോളറിനെതിരെ ഏകദേശം ആറു ശതമാനമാണ് ഇതുവരെ രൂപയുടെ ഇടിവ്.
യുഎസ് സർക്കാർ താരിഫുകൾ ഉയർത്തിയത് ഉൾപ്പെടെയുള്ള ആഗോള ഘടകങ്ങളും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കി. ഈ വർഷം ഇതുവരെ വിദേശ നിക്ഷേപകർ 18 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികളാണ് വിറ്റഴിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
.jpg)