തിരുവനന്തപുരം: വേനലവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളതാണെന്നും ഈ സമയത്ത് ക്ലാസുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമം ലംഘിച്ച് അവധിക്കാല ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവധിക്കാലത്ത് പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വ്യാപകമായ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ കർശന നിലപാട്. പഠനഭാരവും മാനസിക സമ്മർദ്ദവുമില്ലാതെ കുട്ടികൾക്ക് ആസ്വദിക്കാനുള്ള സമയമാണ് അവധിക്കാലം. അത് കവർന്നെടുക്കുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ മാനസികാരോഗ്യം മുൻനിർത്തിയും, വേനൽച്ചൂട് കണക്കിലെടുത്തും സ്കൂളുകൾ ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
