ചാലക്കുടി: രാത്രി യാത്ര ചെയ്യുന്ന വിദ്യാർഥിനികൾക്ക് സ്റ്റോപ്പിൽ ബസ് നിർത്താതെ കെഎസ്ആർടിസി ജീവനക്കാരുടെ അതിക്രമം. തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് പൊങ്ങം നൈപുണ്യ കോളജിലെ രണ്ട് വിദ്യാർഥിനികൾക്ക് ദുരനുഭവം ഉണ്ടായത്. അങ്കമാലിയിൽ നിന്ന് പൊങ്ങത്തേക്ക് പോകാൻ ബസ് കയറിയ ഐശ്വര്യ എസ് നായർ, ആൽഫി പി ജോർജ് എന്നിവരെയാണ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടിയിലേക്ക് കൊണ്ടുപോയത്.
രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോൾ ഇറങ്ങണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ല. കുട്ടികൾ കരഞ്ഞു അപേക്ഷിച്ചിട്ടും സഹയാത്രികർ ഇടപെട്ടിട്ടും ജീവനക്കാർ വഴങ്ങിയില്ല. തുടർന്ന് യാത്രക്കാർ കൊരട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒടുവിൽ ചാലക്കുടി സ്റ്റാൻഡിൽ ഇറക്കിവിട്ട പെൺകുട്ടികളെ ചാലക്കുടി എസ്എച്ച്‌ഒ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സുരക്ഷിതമായി കോളജ് അധികൃതർക്കൊപ്പം അയച്ചത്. സംഭവത്തിൽ വിദ്യാർഥിനികൾ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്.
