Zygo-Ad

പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞു; പത്താം ക്ലാസുകാരന്റെ കൈ അടിച്ച് തകർത്ത് ട്യൂഷൻ അധ്യാപകൻ; രോഷാകുലരായ രക്ഷിതാക്കൾ സെന്റർ തല്ലിത്തകർത്തു

 


കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്ന കാരണത്താൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം. കൊല്ലം ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന 'പ്രൈവറ്റ് ട്യൂഷൻ' എന്ന സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കണക്ക് പരീക്ഷയ്ക്ക് 40-ൽ 38 മാർക്ക് കിട്ടിയിട്ടും, രണ്ട് മാർക്ക് കുറഞ്ഞു പോയെന്ന് ആരോപിച്ചാണ് അധ്യാപകനായ രാജേഷ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.

മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ വിരലുകൾക്ക് പൊട്ടലേറ്റു. കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരീക്ഷകളിൽ ഉയർന്ന മാർക്ക് ഉറപ്പാക്കാനായി കഴിഞ്ഞ നാല് മാസമായി ഇവിടെ രാത്രികാല ക്ലാസുകൾ നടന്നു വരികയായിരുന്നു. മർദ്ദനമേറ്റ കുട്ടിയെ കൂടാതെ മറ്റ് പല വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നതായും പരാതിയുണ്ട്.

പഠിപ്പിച്ച കണക്ക് ബോധപൂർവ്വം തെറ്റിച്ചതിനാണ് മർദ്ദിച്ചതെന്ന അധ്യാപകന്റെ വിചിത്രമായ ന്യായീകരണം രക്ഷിതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചു. ഇതോടെ രോഷാകുലരായ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ട്യൂഷൻ സെന്റർ തല്ലിത്തകർത്തു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ രാജേഷ് ചട്ടവിരുദ്ധമായാണ് ട്യൂഷൻ സെന്റർ നടത്തുന്നതെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.




വളരെ പുതിയ വളരെ പഴയ