തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് അത് തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കുന്നു. ഏകദേശം 25 ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് വിവരം. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരുകൾ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന പരാതികൾക്കിടയിലാണ് കമ്മീഷന്റെ ഈ നടപടി.
എപ്പോൾ, എങ്ങനെ അപേക്ഷിക്കാം?
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമായി 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പ്രധാന ഫോമുകൾ തിരിച്ചറിയാം:
* ഫോം 6: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ.
* ഫോം 6A: പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാൻ.
* ഫോം 7: മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് എന്നിവ കാരണം പേര് ഒഴിവാക്കാൻ.
* ഫോം 8: വിലാസം മാറ്റുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും.
അപ്പീൽ സമർപ്പിക്കാനുള്ള വഴി
ഹിയറിംഗിന് ശേഷം ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടാൽ, ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീൽ നൽകാം. ഇതിലെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്.
ആവശ്യമായ രേഖകൾ
അപേക്ഷയോടൊപ്പം ഹാജരാക്കാൻ സാധുവായ രേഖകൾ ഇവയാണ്:
* ആധാർ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട്.
* ജനന സർട്ടിഫിക്കറ്റ്.
* എസ്.എസ്.എൽ.സി അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ.
* സർക്കാർ/ബാങ്ക് തിരിച്ചറിയൽ രേഖകൾ.
* സ്ഥിരതാമസ സർട്ടിഫിക്കറ്റ് തുടങ്ങിയവ.
പരാതികൾ തീർപ്പാക്കി 2026 ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി 1950 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിദേശത്തുള്ളവർക്ക് +91 471 2551965 എന്ന നമ്പറിൽ ബന്ധപ്പെടാം.
