കാസർകോട്: കാസർകോട് ജില്ലയിലെ ബദിയടുക്കയിൽ തെരുവുനായയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. കിളിങ്കരയിൽ മൂന്നുപേർക്കും കട്ടത്തങ്കടിയിൽ ഒമ്പത് പേർക്കും കൊളംബെയിൽ ഒരാൾക്കുമാണ് നായയുടെ കടിയേറ്റത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കണ്ണിൽ കണ്ടവരെയെല്ലാം നായ ആക്രമിക്കുകയായിരുന്നു. നായയെ പിടികൂടാൻ ശ്രമിച്ചവർക്കും കടിയേറ്റു.
പരിക്കേറ്റവരിൽ ഒമ്പതുപേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കടിയേറ്റവരിൽ ഭൂരിഭാഗം പേർക്കും കാലിലാണ് പരിക്കേറ്റിട്ടുള്ളത്. സിറിൽ (50), സ്റ്റീവൻ (40), ഷെബി (45), പ്രസന്ന (45), മേരി (60), അൻവിൻ (13), അജിത് (8), സരിത (25) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
നിരവധി കന്നുകാലികളെയും നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. ആക്രമണകാരിയായ നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ആശങ്ക അറിയിച്ചു.
