തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു.
ഡിസംബര്‍ 20ന് തിരുവനന്തപുരം സെഷന്‍സ് കോടതി അപേക്ഷ പരിഗണിക്കും. പീഡന പരാതിയില്‍ രണ്ടാം പ്രതിയായ ജോബി രാഹുലിന്റെ സുഹൃത്താണ്. പരാതിക്കാരിയായ യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് ജോബിയായിരുന്നു.
ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളുരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ജോസഫ് ഒളിവിലാണ്.
എന്നാൽ, മരുന്ന് എത്തിച്ച് നല്‍കിയത് യുവതിയുടെ നിര്‍ദേശപ്രകാരമാണ്. മരുന്ന് എന്തിനുള്ളതാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി അപേക്ഷയില്‍ പറയുന്നത്. ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നാണ് കഴിച്ചത്.
അതിനു പിന്നാലെ അമിത രക്തസ്രാവമുണ്ടായെന്നും വൈദ്യസഹായം തേടിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹർജി സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
