Zygo-Ad

ജന്മദിനത്തിൽ അച്ഛന്റെ വിയോഗം; വിങ്ങലോടെ ധ്യാൻ ശ്രീനിവാസൻ


കൊച്ചി: പിറന്നാൾ മധുരത്തിന് കാത്തുനിൽക്കാതെ പ്രിയപ്പെട്ട അച്ഛൻ വിടവാങ്ങി. മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗം മകൻ ധ്യാൻ ശ്രീനിവാസന് ഏൽപ്പിച്ചത് താങ്ങാനാവാത്ത ആഘാതം. തന്റെ 37-ാം ജന്മദിനത്തിലാണ് ധ്യാനിനെ തേടി അച്ഛന്റെ മരണവാർത്തയെത്തുന്നത്.

കോഴിക്കോട് സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന താരം വിവരം അറിഞ്ഞ ഉടൻ തന്നെ കണ്ടനാട്ടെ വീട്ടിലേക്ക് തിരിച്ചു. രാത്രി 11:30 ഓടെ വീട്ടിലെത്തിയ ധ്യാൻ, അച്ഛനെ അവസാനമായി ഒരുനോക്ക് കണ്ട് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി. മകനെ കണ്ടതോടെ നിയന്ത്രണം വിട്ടു കരഞ്ഞ അമ്മ വിമലയെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ധ്യാൻ വിങ്ങുകയായിരുന്നു.


   പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ശ്രീനിവാസന്റെ ആരോഗ്യനില വഷളായത്. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിനീത് ശ്രീനിവാസൻ മരണവിവരമറിയുന്നത്. ഉടൻ തന്നെ യാത്ര റദ്ദാക്കി അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചു.

 

  1988 ഡിസംബർ 20-നാണ് ധ്യാനിന്റെ ജനനം. തന്റെ മുപ്പത്തിയേഴാം ജന്മദിനത്തിൽ തന്നെ അച്ഛനെ നഷ്ടമായി എന്നത് കുടുംബത്തിനും സഹപ്രവർത്തകർക്കും ഒരുപോലെ വേദനയാകുന്നു.

അന്ത്യസമയത്ത് അച്ഛന്റെ അരികിൽ ഉണ്ടാകാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു താരം. സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്.



dhyan-sreenivasan-birthday-father-death-news

വളരെ പുതിയ വളരെ പഴയ