തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിന് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമാണെന്ന് തന്നോട് ഒരു വ്യവസായി അറിയിച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം തയ്യാറാണെങ്കിൽ വ്യവസായിയുടെ വിവരങ്ങൾ കൈമാറാമെന്നും അദ്ദേഹം അറിയിച്ചു.
ഭയം ഉള്ളതുകൊണ്ടാണ് വ്യവസായിക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്തതെന്നും, അതിനാൽ അന്വേഷണ സംഘം തന്നെ അദ്ദേഹത്തെ സമീപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നേരത്തെ, സ്വർണക്കൊള്ളയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി. വെങ്കടേഷിന് കത്തയച്ചിരുന്നു.
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് 500 കോടി രൂപയുടേതാണെന്ന് അറിവു ലഭിച്ചതായും ചെന്നിത്തല കത്തിൽ സൂചിപ്പിച്ചിരുന്നു. പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും, അന്വേഷണം അവരിലേക്കും നീളണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
Permalink (ഇംഗ്ലീഷ്)
