Zygo-Ad

അപ്രതീക്ഷിത ട്വിസ്റ്റുകൾ: നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റിയവരുടെ ആദ്യ മൊഴികൾ പുറത്ത്

 


കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ ഏറ്റവും നിർണായകമായി മാറിയത് സാക്ഷികളിൽ 28 പേർ മൊഴി മാറ്റിയ സംഭവമാണ്. മൊഴി മാറ്റിയ പ്രമുഖരുടെ ആദ്യത്തെ മൊഴികൾ കേസിലെ പല നിർണായക വിവരങ്ങളിലേക്കും വിരൽ ചൂണ്ടുന്നതായിരുന്നു. വിചാരണ വേളയിൽ ഈ സാക്ഷികൾ കൂറുമാറിയത് കേസിന്റെ അന്തിമ വിധിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

കേസിലെ ആകെ 261 സാക്ഷികളിൽ, പ്രമുഖ താരങ്ങളും ദിലീപിന്റെ അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവരാണ് മൊഴി മാറ്റിയത്.*


 കൂറുമാറിയ പ്രമുഖ സാക്ഷികളും അവരുടെ ആദ്യ മൊഴികളും

 

* സിദ്ദിഖ് (നടൻ): നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയെന്ന വിഷയത്തിൽ ദിലീപിനെതിരേ പോലീസിൽ നൽകിയ മൊഴിയാണ് സിദ്ദിഖ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവ്വ വൈരാഗ്യമുണ്ടായിരുന്നുവെന്നും, കൊച്ചിയിലെ 'അമ്മ' റിഹേഴ്‌സൽ ക്യാമ്പിൽ വെച്ച് ദിലീപ് ഈ കാര്യം തന്നോട് പറഞ്ഞിരുന്നതായും ആയിരുന്നു ആദ്യ മൊഴി. സിദ്ദിഖ് പിന്നീട് ഒരു വാർത്താ സമ്മേളനത്തിൽ പരസ്യമായി ഈ മൊഴി തള്ളിപ്പറഞ്ഞത് വലിയ വാർത്തയായിരുന്നു.

 

* ഇടവേള ബാബു ('അമ്മ' ജനറൽ സെക്രട്ടറി): ദിലീപുമായി നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി ഇടവേള ബാബുവും പോലീസിന് മൊഴി നൽകി. പോലീസ്‌ ഇത് ക്യാമറയിൽ പകർത്തിയെങ്കിലും കോടതിയിൽ ഇദ്ദേഹവും മൊഴി മാറ്റി.

   

*  ഭാമ (നടി): അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നൽകിയിരുന്ന ഭാമയുടെ കൂറുമാറ്റം ഞെട്ടലുണ്ടാക്കി. 'അവൾ എന്റെ കുടുംബം തകർത്തവളാണ്, ആക്രമിക്കപ്പെട്ട നടിയെ താൻ പച്ചയ്ക്ക് കത്തിക്കും' എന്ന് ദിലീപ് പറഞ്ഞതായി വ്യക്തമാക്കുന്നതായിരുന്നു ഭാമയുടെ ആദ്യ മൊഴി. കൂറുമാറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ ഭാമ ഇൻസ്റ്റാഗ്രാമിലെ കമന്റ് ഓപ്ഷൻ നീക്കം ചെയ്തു.

*    ബിന്ദു പണിക്കർ (നടി): നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന മൊഴി ബിന്ദു പണിക്കർ 2020-ൽ കോടതിയിൽ മാറ്റിപ്പറഞ്ഞു.

  

*  കാവ്യ മാധവന്റെ ബന്ധുക്കൾ (മിഥുൻ, റിയ): കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ടെക്സ്റ്റൈൽസിൽ പൾസർ സുനി വന്നിരുന്നതായി ഇരുവരും പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇവർ കൂറുമാറി.

* ഹോട്ടൽ ജീവനക്കാരിയുടെ മൊഴി മാറ്റം

ആലപ്പുഴയിലെ ആർക്കേഡിയ ഹോട്ടലിലെ ജീവനക്കാരിയായ ഷെർലി അജിത്ത് മൊഴി മാറ്റിയ മറ്റൊരാളാണ്. 'സൗണ്ട് തോമ' സിനിമയുടെ ചിത്രീകരണത്തിനായി ദിലീപ് നടൻ മുകേഷിനൊപ്പം താമസിച്ച ഹോട്ടലിൽ അതേ ദിവസം പൾസർ സുനിയും ഉണ്ടായിരുന്നുവെന്ന് ഷെർലി ആദ്യം പോലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലിലെ രജിസ്റ്ററും പോലീസിന് കൈമാറി. എന്നാൽ വിചാരണക്കിടെ ഷെർലി ഇതെല്ലാം നിഷേധിച്ചു.

* വ്യാജരേഖയും കൂറുമാറ്റവും

ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഹൈദർ അലി, സഹോദരൻ സലീം എന്നിവർ കൂറുമാറിയ പ്രമുഖരാണ്. 2017 ഫെബ്രുവരി 17-ന് രാത്രിയിൽ താൻ ആശുപത്രിയിലായിരുന്നുവെന്ന് കാണിക്കുന്ന വ്യാജരേഖ ദിലീപ് ഹാജരാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, വിചാരണക്കിടെ ഹൈദർ അലിയും സലീമും ഈ വാദം നിഷേധിച്ചു.

* 'ലക്ഷ്യ' ജീവനക്കാരൻ

'ലക്ഷ്യ' ടെക്സ്റ്റൈൽസിലെ ജീവനക്കാരനായിരുന്ന സാഗർ വിൻസെന്റ് ഈ കേസിൽ ആദ്യമായി കൂറുമാറിയ സാക്ഷിയാണ്. ഫെബ്രുവരി 22-ന് പൾസർ സുനിയും മറ്റൊരാളും ലക്ഷ്യ സ്റ്റോറിൽ എത്തി ഒരു പൊതി കൈമാറിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. വിചാരണക്കിടെ സാഗർ ഇത് നിഷേധിച്ചു.

* നാദിർഷായുടെ മൊഴി

പ്രധാന പ്രതികളായ പൾസർ സുനി, വിഷ്ണു എന്നിവർ ജയിലിനകത്ത് നിന്ന് വിളിച്ചിരുന്നുവെന്നാണ് സംവിധായകൻ നാദിർഷാ പോലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ ഇദ്ദേഹവും കോടതിയിലെത്തിയപ്പോൾ മൊഴി മാറ്റി.


* മൊഴിയിൽ ഉറച്ചുനിന്ന കുഞ്ചാക്കോ ബോബൻ

2020 മാർച്ചിൽ നടന്ന വിസ്താരത്തിൽ നടി ബിന്ദു പണിക്കർ മൊഴി മാറ്റിയപ്പോൾ, നടൻ കുഞ്ചാക്കോ ബോബൻ തന്റെ മൊഴിയിൽ ഉറച്ചുനിന്നു. മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നുവെന്നും, ആക്രമിക്കപ്പെട്ട നടിയെ താൻ അഭിനയിച്ച ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി.



വളരെ പുതിയ വളരെ പഴയ