Zygo-Ad

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിഹ്ന ശിപാർശ നടപടികളും പ്രചാരണ പരിശോധനയ്ക്കായി ആന്റി-ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളും; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യാൻ അധികാരപ്പെടുത്തിയ പാർട്ടി ഭാരവാഹികളുടെ ഒപ്പുകൾ ബന്ധപ്പെട്ട പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു സമർപ്പിക്കണം. ഇതിന്റെ പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലും നൽകി തീർക്കണം. ശിപാർശ കത്തുകൾ നവംബർ 24-ന് വൈകിട്ട് 3 മണിക്ക് മുമ്പായി വരണാധികാരിക്ക് എത്തിച്ചിരിക്കണം.

ഇതിനൊപ്പം, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ നിയമസാധുത പരിശോധിക്കുന്നതിനായി ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ അസിസ്റ്റന്റ് കളക്ടർ/സബ് കളക്ടർ/ഡെപ്യൂട്ടി കളക്ടർ നേതൃത്വം നൽകുന്ന സംഘവും താലൂക്ക് തലത്തിൽ തഹസിൽദാർ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നേതൃത്വം നൽകുന്ന സംഘവും പ്രവർത്തിക്കും.

നോട്ടീസുകൾ, ബാനറുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റുകൾ, പൊതുയോഗങ്ങൾ, സോഷ്യൽ മീഡിയ പ്രചരണങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ പ്രചാരണ സാമഗ്രികളും നിയമാനുസൃതമാണോയെന്ന് സംഘം പരിശോധിക്കും. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ഉപയോഗ നിരോധനവും ഹരിതചട്ടങ്ങളും പാലിക്കാത്തവർക്ക് നടപടിയുണ്ടാകും.

നിയമവിരുദ്ധമായോ അനുമതിയില്ലാതെയോ സ്ഥാപിച്ചിട്ടുള്ള കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ നിർദേശം നൽകും. അനുസരിക്കാത്ത പക്ഷം ബന്ധപ്പെട്ടവർക്ക് ചെലവ് ഈടാക്കി അധികൃതർ നേരിട്ട് നീക്കം ചെയ്യും. പൊതുജനങ്ങളുടെ പരാതികൾക്കും സംഘം പ്രത്യേക പരിഗണന നൽകും.

വളരെ പുതിയ വളരെ പഴയ