ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്ച വരെയാകും സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
സ്പോട്ട് ബുക്കിങ്ങിനായി പമ്പയിൽ ഒരു കൗണ്ടറും നിലക്കലിൽ ഏഴ് കൗണ്ടറുകളും ഉണ്ടാകും. 5000ലധികം ഒരാളെ പോലും സ്പോട്ട് ബുക്കിങ് വഴി കടത്തി വിടില്ല. സന്നിധാനത്തെ തിരക്ക് പരിഗണിച്ച ശേഷം ആവശ്യമെങ്കിൽ സ്പോട്ട് ബുക്കിങ് 5,000ൽ നിന്ന് 10,000ലേക്ക് ഉയർത്തും
കൂടാതെ, കാനനപാത വഴി 5,000 പേർക്ക് മാത്രമാണ് പാസ് അനുവദിക്കുക. ആദ്യം എത്തുന്ന 5,000 പേർക്കാവും വനം വകുപ്പ് പാസ് അനുവദിക്കുക എന്നും ദേവസ്വം ബോർഡ് അറിയിച്ചു.
വെർച്യുൽ ക്യൂ ബുക്കിങ് വഴി 70,000 പേരെയാണ് നിലവിൽ കടത്തി വിടുന്നത്. ഒരു മാസത്തേക്കുള്ള വെർച്യുൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്.
സന്നിധാനത്തെ വൻ തിരക്ക് കണക്കിലെടുത്ത് പ്രതിദിന സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.
കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും ഇതിനായി ഭക്തർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും
ക്യൂ കോംപ്ലക്സിലെത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരി നിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കു കാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.
ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിൽ എത്തിച്ചു നൽകുമെന്നും ബോർഡ് അറിയിച്ചു.
അതേ സമയം, മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്ന ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരാണ്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വഴ്ച ഉച്ചക്ക് 12 വരെ 44,401 പേരുമാണ് അയ്യനെക്കണ്ട് മടങ്ങിയത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയുള്ള കണക്കാണിത്.
