Zygo-Ad

“വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടി — ബീഹാറിൽ ആയിരങ്ങൾ ബൂത്തിലെത്തി വോട്ട് ചെയ്യാതെ മടങ്ങി"

 


വോട്ടർ പട്ടിക ശുദ്ധീകരിക്കാനെന്ന വ്യാജേന പതിറ്റാണ്ടുകളായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരെ പുറന്തള്ളാനാണ് എസ്.ഐ.ആർ (വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം) എന്ന് ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് തെളിയിച്ചു. രാജ്യത്ത് എസ്.ഐ.ആർ നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായ ബിഹാറിലെ ഒന്നാംഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയ ആയിരങ്ങളാണ് വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. ഒരു ബൂത്തിൽ തന്നെ പത്തും അമ്പതും പേർ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നറിഞ്ഞ് മടങ്ങുന്ന കാഴ്ചക്ക് ബിഹാറിലെ 18 ജില്ലകളിലെ 121 നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ സാക്ഷ്യം വഹിച്ചു.

ബിഹാറിലെ സിവാനിലെ രഘുനാഥ്പൂർ നിയോജകമണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുകൾ വെട്ടിമാറ്റിയതിനെ തുടർന്ന് നിരവധി പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ല. ആർജെഡി നേതാവ് ശഹാബുദ്ദീന്റെ മകൻ ഉസാമ മത്സരിക്കുന്ന പ്രദേശമാണിത്. ചില ബൂത്തുകളിൽ മുതിർന്നവരുടെ പേരുകൾ ഒഴിവാക്കി അവരുടെ മക്കളുടെ പേരുകൾ മാത്രം പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തി.

83 വയസ്സുകാരനായ മൗലാന മുഈനുദ്ദീൻ ഖാസിമിയുടെയും പട്നയിലെ സുനിൽ കുമാറിന്റെയും കുടുംബങ്ങളുടെയും വോട്ട് പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റപ്പെട്ടതായി അവർ ആരോപിച്ചു. എസ്.ഐ.ആർ ഫോമുകൾ നൽകി രജിസ്ട്രേഷൻ പുതുക്കിയിട്ടും പേരുകൾ ഇല്ലാതായത് പ്രതിഷേധങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായി. വോട്ടില്ലാതെ മടങ്ങേണ്ടിവന്നവരിൽ ഭൂരിഭാഗവും ദലിത്, പിന്നാക്കവർഗങ്ങളിലെ സ്ത്രീകളാണ്.

വളരെ പുതിയ വളരെ പഴയ