Zygo-Ad

പൊന്നാനിയില്‍ വീടിന്‍റെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് പിടിയില്‍


പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

പൊന്നാനി കാട്ടിലവളപ്പ് സ്വദേശിയായ അക്ബർ (35) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.

കടലോരത്ത് താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ഇയാള്‍ അതിക്രമിച്ചു കയറിയത്.

വീടിന്റെ ഓട് പൊളിച്ച്‌ (ഇളക്കി മാറ്റി) ഉള്ളിലേക്ക് പ്രവേശിച്ച പ്രതി, മാതാപിതാക്കള്‍ക്കൊപ്പം കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പർശിച്ച ഉടൻ കുട്ടി ഞെട്ടിയുണർന്ന് ബഹളം വെച്ചു. ഇതോടെ പ്രതി രക്ഷപ്പെടുകയായിരന്നു.

ഇതിന് മുൻപും ഇയാള്‍ സമാനമായ രീതിയില്‍ പ്രവർത്തിച്ചതിന് നാട്ടുകാർ പിടികൂടിയിരുന്നു. പ്രതിയായ അക്ബർ രാത്രി സമയങ്ങളില്‍ മീൻപിടിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് കറങ്ങാറുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

സംഭവത്തിന് ശേഷം ഇയാളെ കാണാനില്ലെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചതാണ് അന്വേഷണത്തില്‍ നിർണ്ണായകമായത്.

പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ