Zygo-Ad

കൊല്ലം മരുതിമലയില്‍ നിന്ന് ചാടി രണ്ട് വിദ്യാര്‍ഥിനികള്‍; ഒരാള്‍ മരിച്ചു,കൂട്ടുകാരിക്ക് ഗുരുതര പരിക്ക്; അപകടത്തില്‍ ദുരൂഹതയെന്ന് പോലീസ്


കൊല്ലം: കൊല്ലം ജില്ലയിലെ പ്രശസ്തമായ ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ മരുതിമലയില്‍ നിന്ന് താഴേക്ക് ചാടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു.

അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടില്‍ വിനുവിന്റെയും ദീപയുടെയും മകള്‍ മീനുവാണ് (13) മരിച്ചത്.

 സുഹൃത്ത് ശിവര്‍ണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തില്‍ സുകുവിന്റെ മകള്‍ ശിവർണയെ (14)  കൊല്ലത്ത്   മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 സംഭവം ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് നടന്നത്. അപകടകരമായ പാറക്കെട്ടുകളുള്ള ഭാഗത്തേക്ക് പെണ്‍കുട്ടികള്‍ പോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നതായി പറയുന്നു. 

പിന്നീട് ഇരുവരെയും താഴെ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ പാറയ്ക്ക് മുകളില്‍ ഇരിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അടൂര്‍ തൃച്ചേന്ദമംഗലം സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. 

മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അടൂര്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടു കൂടിയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

 സമുദ്ര നിരപ്പില്‍ നിന്ന് ആയിരം അടി ഉയരമുള്ളതാണ് മരുതിമല. ഇന്നലെ വൈകിട്ട് നാലരയോടെ മലയുടെ സമീപത്തെ മുട്ടറ ഗവ. സ്കൂള്‍ പരിസരത്തു നിന്ന് പ്രദേശവാസിയായ യുവാവ് മൊബൈലില്‍ മലയുടെ ചിത്രം പകർത്താനായി സൂം ചെയ്തു. 

അതിലൂടെ മലയുടെ മുകളില്‍ സുരക്ഷാ വേലിക്ക് പുറത്ത് രണ്ട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നതായി കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു.

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.എച്ച്‌.എസ്.എസില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ് ഇരുവരും.

പെണ്‍കുട്ടികള്‍ മലയില്‍ നിന്ന് കാല്‍ വഴുതി വീണതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ ചാടിയതാണോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. 

സ്കൂളില്‍ ഇന്നലെ കലോത്സവമായതിനാല്‍ രാവിലെ സാധാരണ വസ്ത്രം ധരിച്ചാണ് ഇറങ്ങിയത്. മടങ്ങിയെത്താൻ വൈകിയതോടെ വീട്ടുകാർ സഹപാഠികളോട് അന്വേഷിച്ചെങ്കിലും കണ്ടില്ലെന്ന വിവരമാണ് ലഭിച്ചത്. 

തുടർന്ന് രക്ഷിതാക്കള്‍ അടൂർ പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയാണ് വിവരമറിയുന്നത്. മീനുവിന്റെ മൃതദേഹം മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.

ബാഗുകള്‍ സ്കൂളിനു സമീപത്തെ കടയില്‍

പെണ്‍കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലില്‍ ഇരുവരുടേയും സ്കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്കൂളിന് സമീപത്തെ കടയില്‍ നിന്ന് ലഭിച്ചു. സ്കൂള്‍ ബാഗിലുണ്ടായിരുന്ന ബുക്കില്‍ ആത്മഹത്യാ കുറിപ്പുള്ളതായി സൂചനയുണ്ട്. ഇവിടത്തെ കടയില്‍ ബാഗ് വച്ച ശേഷം ഇവർ കൊല്ലം മരുതിമലയിലേക്ക് പോയതാകാമെന്നാണ് നിഗമനം.

സംഭവത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ പൂയപ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ