കാസർഗോഡ്: കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സഹോദരിയെ കാറില്‍ കയറ്റി തിടുക്കപ്പെട്ട് ആശുപത്രയില്‍ കൊണ്ടു പോകുന്നതിനിടെ സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു.
ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിച്ച കാർ മറിയുകയായിരുന്നു. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല.
കാസര്‍ഗോട്ടെ ആശുപത്രിയില്‍ രണ്ടാം വര്‍ഷ ബി എസ് സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ബേഡകം കുറ്റിക്കോല്‍ ബേത്തൂർപാറ തച്ചാർ കുണ്ട് ഹൗസില്‍ പരേതനായ ബാബു - വനജ ദമ്പതികളുടെ മകള്‍ മഹിമ (19) ആണ് മരിച്ചത്.
വീട്ടില്‍ നിന്ന് ഒരു കിലോ മീറ്റർ അകലെ അപകടം
ബുധനാഴ്ച (15.10.2025) രാവിലെ എട്ട് മണിയോടെ ബേത്തൂർപാറ പടിമരുതില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
വീട്ടിലെ കിടപ്പ് മുറിയില്‍ മഹിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് സഹോദരൻ മഹേഷ് കാറില്‍ കയറ്റി കാസർഗോട്ടെ ആശുപത്രിയിലേക്ക് തിടുക്കപ്പെട്ട് കൊണ്ടു പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
വീട്ടില്‍ നിന്നും ഒരു കിലോ മീറ്റർ അകലെ വെച്ചാണ് കെ എല്‍ 14 എസി 5785 നമ്പർ കാർ നിയന്ത്രണം വിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ തട്ടി റോഡരികിലേക്ക് മറിഞ്ഞത്.
ആളുകള്‍ ഓടി കൂടി ഇരുവരെയും ഉടൻ കാസർഗോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. മഹിമയുടെ മൃതദേഹം കാസർഗോഡ് ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോലീസ് അന്വേഷണം ആരംഭിച്ചു
പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലും അപകടത്തിലും ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം, അപകടം സംഭവിച്ചതിനെ കുറിച്ച് ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.