മലപ്പുറം: സ്കൂൾ ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി പ്രധാനാധ്യാപിക വിദ്യാർത്ഥിയുടെ പഠനം മുടക്കി. മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ഈ ക്രൂരത.
സ്കൂള്‍ വാഹനത്തില്‍ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസില്‍ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസില്‍ കയറ്റാതെ വഴിയില്‍ ഇറക്കി വിട്ട് ബസ് പോവുകയായിരുന്നു.
രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയില്‍ നിർത്തി പോയത്. മറ്റ് വിദ്യാർഥികള്‍ ബസില്‍ സ്‌കൂളിലേക്കു പോയതോടെ അഞ്ച് വയസുകാരൻ മടങ്ങി.
ബസ് ഫീസ് ആയിരം രൂപ അടക്കാൻ വൈകിയതിനാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. അതേ സമയം, സംഭവത്തില്‍ പരാതിയുമായി സ്കൂളിലെത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി.
ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്കൂള്‍ മാനേജർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നല്‍കി.
മാനസിക പ്രയാസം കാരണം സ്‌കൂള്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ് വിദ്യാർത്ഥിയുടെ കുടുംബം. ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്ന് അമ്മ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.
