കൊച്ചി: കേരളത്തില്‍ ഗതാഗത രംഗത്ത് ഒട്ടേറെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ദേശീയ പാതയുടെ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്.
കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്ക് കൂടി സൗകര്യമാകുന്ന രീതിയില്‍ നീട്ടാന്‍ തീരുമാനിച്ച പിന്നാലെ നെടുമ്പാശേരിയില്‍ പുതിയ റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാന്‍ റെയില്‍വെ ബോര്‍ഡ് ഇന്ന് തീരുമാനിച്ചു. ഇവിടെ വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെ നിര്‍ത്തും.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുക. ഇവിടെ നിന്ന് പ്രത്യേക ബസ്, ടാക്‌സി സംവിധാനം വിമാനത്താവളത്തിലേക്ക് ഒരുക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിലാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ നെടുമ്പാശേരി റെയില്‍വെ സ്റ്റേഷന്റെ നിര്‍മാണം തുടങ്ങും.
കേരളത്തില്‍ നിലവില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. മംഗലാപുരം-തിരുവനന്തപുരം, കാസര്‍ഗോഡ്-തിരുവനന്തപുരം എന്നീ ട്രെയിനുകളാണ് നിലവിലുള്ളത്.
മൂന്നാമതൊരു വന്ദേഭാരത് നവംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കായിരിക്കും ഈ വന്ദേഭാരത് എക്‌സ്പ്രസ്.
എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിച്ച് തൃശൂര്‍, പാലക്കാട് വഴി തമിഴ്‌നാട്ടിലൂടെ ബെംഗളൂരിലേക്കായിരിക്കും വന്ദേഭാരത് സര്‍വീസ് നടത്തുക. നേരത്തെ ഇതേ റൂട്ടില്‍ ഒരു വന്ദേഭാരത് സര്‍വീസ് നടത്തിയിരുന്നു.
ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത് എങ്കിലും നിറയെ യാത്രക്കാരുമായിട്ടായിരുന്നു സര്‍വീസ്. പെട്ടെന്ന് ഇത് നിര്‍ത്തി വച്ചു. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ബെംഗളൂരുവിലേക്ക് വന്ദേഭാരത് വരുന്നത്.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് കൂടി നീട്ടണം എന്ന് കെസി വേണുഗോപാല്‍ എംപി റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ആയി ഈ എക്പ്രസ്പ്രസ് മാറും.
എല്ലാ വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും നിര്‍ദിഷ്ട നെടുമ്പാശേരി റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്ത് റെയില്‍വെക്ക് സ്ഥലമുണ്ട്. അതുകൊണ്ടു തന്നെ പുതിയ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. 24 ബോഗികള്‍ നിര്‍ത്തിയിടാന്‍ പറ്റുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്‌റ്റേഷനാകും ഇവിടെ നിര്‍മിക്കുക.
അധികമായി സ്ഥലം വേണമെങ്കില്‍ സഹകരിക്കണം എന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ സിയാലിനോട് ബെന്നി ബെഹന്നാന്‍ എം.പി ആവശ്യപ്പെട്ടിരുന്നു.
19 കോടി രൂപയാണ് റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. രാജധാനി ഉള്‍പ്പെടെ മറ്റു പ്രധാന ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ടാകും.
നിര്‍മാണത്തിന് മറ്റു തടസങ്ങള്‍ ഇല്ലാത്തതിനാല്‍ നിര്‍മാണം അതിവേഗം നടക്കുമെന്ന് പ്രതീക്ഷിക്കാം. 2027ല്‍ ഉദ്ഘാടനത്തിന് ഒരുങ്ങുമെന്നാണ് പ്രതീക്ഷ. പുതിയ റെയില്‍വെ സ്റ്റേഷന്‍, മെട്രോ സ്‌റ്റേഷന്‍, വിമാനത്താവളം എന്നിവയെല്ലാം ചേരുമ്പോള്‍ യാത്രാ ഹബ്ബായി നെടുമ്പാശേരി മാറും.
