തിരുവനന്തപുരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പുതിയ മാറ്റം. ചോര്‍ച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളില്‍ ഷീറ്റ്, ഓട് എന്നിവ കൊണ്ടുള്ള റൂഫിങ് പണിയുന്നവര്‍ക്ക് ഇനി മുതല്‍ അതത് തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നില വരെയുള്ള വീടുകള്‍ക്ക് ഇളവ് അനുവദിച്ച് കൊണ്ട് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍ വന്നു.
എന്നാല്‍ 2.4 മീറ്ററാണ് ടെറസില്‍ നിന്ന് ഷീറ്റിലേക്കുള്ള ഉയരമായി കണക്കാക്കുന്നത്. അതിൽ കൂടരുതെന്നും വ്യവസ്ഥയില്‍ പറയുന്നു. 300 ച.മീറ്റര്‍ വരുന്ന താമസ കെട്ടിടങ്ങള്‍ക്ക് മുന്‍വശത്തും പിന്‍വശത്തും പരമാവധി 15 ച. മീറ്റര്‍ വരെ വിസ്തൃതിയില്‍ റോഡില്‍ നിന്നും ചുരുങ്ങിയത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിങ് പണിയുന്നതും അനുവദനീയമാക്കി.
സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭിക്കുന്ന കെട്ടിടങ്ങളുടെ ഗണത്തില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് വരുത്തിയത്.
നിലവില്‍ 300 ച. മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ളതും രണ്ട് നില വരെയുള്ളതും ഏഴ് മീറ്റര്‍ ഉയരമുള്ളതുമായ വീടുകളെ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഇനി മുതല്‍, ഉയരം പരിഗണിക്കാതെ തന്നെ രണ്ടു നില വരെയുള്ള 300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങള്‍ക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതു വഴി ഏകദേശം 80 ശതമാനത്തോളം വീടുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നിര്‍മ്മാണാനുമതി ലഭിക്കും.
രണ്ടു സെന്റു വരെയുള്ള സ്ഥലത്ത് പരമാവധി 100 ചതു. മീറ്ററുള്ള വീടുകള്‍ക്ക്, മൂന്നു മീറ്ററില്‍ അധികരിക്കാത്ത വീതിയുള്ള നോട്ടിഫൈഡ് അല്ലാത്ത റോഡില്‍ നിന്നുള്ള ചുരുങ്ങിയ ദൂരപരിധി ഒരു മീറ്ററാക്കി. നിലവില്‍ രണ്ടു മീറ്ററായിരുന്നു.
വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭ്യമാക്കാനുള്ള വിസ്തീര്‍ണത്തിന്റെ അളവ് വര്‍ധിപ്പിച്ചു. നിലവില്‍ 100 ച.മീറ്ററായിരുന്നത് 250 ച.മീറ്ററാക്കി.
ഇതുള്‍പ്പെടെ ചെറിയ വീടുകള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തരത്തിലാണ് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ വ്യാപക ഭേദഗതികള്‍ വരുത്തി വിജ്ഞാപനമിറക്കിയത്.
ഭേദഗതിയില്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇളവുകളുണ്ടെന്ന് മന്ത്രി എം ബി രാജേഷ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
