കൊച്ചി: കോഴിക്കോട്ട് ആറു വയസുകാരി അദിതി എസ് നമ്പൂതിരിയെ ക്രൂര ശാരീരിക പീഡനത്തിന് വിധേയയാക്കിയും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്.
സുബ്രഹ്മണ്യൻ നമ്പൂതിരി, റംല ബീഗം (ദേവിക അന്തർജനം) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികള്‍ രണ്ടു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷൻസ് കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി തള്ളുകയായിരുന്നു.
വിചാരണക്കോടതി പ്രതികളെ യഥാക്രമം രണ്ടും മൂന്നും വർഷ തടവിനാണ് ശിക്ഷിച്ചത്. ഇതിനെതിരെ സർക്കാരാണ് അപ്പീല്‍ നല്‍കിയത്.
പെണ്‍കുട്ടിയുടെ സഹോദരന്റെ മൊഴി പരിഗണിക്കുമ്പോള്‍ കൊലക്കുറ്റം ചുമത്താൻ മതിയായ തെളിവുണ്ടെന്നും ഹൈക്കോടതി വിലയിരുത്തുകയായിരുന്നു. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
2013 ഏപ്രില്‍ 29നാണ് തിരുവമ്പാടി തട്ടേക്കാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ വിവാഹത്തിലെ മകള്‍ അദിതി ക്രൂരമായി കൊല്ലപ്പെടുന്നത്. പത്തു വയസുകാരനായ ഒരു മകനും ഈ ബന്ധത്തിലുണ്ട്.
ആദ്യ ഭാര്യ റോഡപകടത്തില്‍ മരിച്ചതോടെ 2011ല്‍ റംല ബീഗത്തെ (ദേവിക അന്തർജനം) വിവാഹം കഴിച്ചത്. ആദ്യ ഭാര്യയുടെ മരണം കഴിഞ്ഞ് ആറു മാസം കഴിയുമ്പോഴായിരുന്നു വിവാഹം. ആള്‍മാറാട്ടം നടത്തി മാല കവർന്ന കേസിലെ പ്രതിയാണ് ദേവിക.
രണ്ടു കുട്ടികളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ക്രൂര പീഡനമാണ് ദേവിക നടത്തിയത്. ഭക്ഷണം പോലും നല്‍കാതെ കഠിനമായ ജോലികള്‍ ചെയ്യിക്കുകയും അദിതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിക്കുകയും ചെയ്തു. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റെങ്കിലും ചികിത്സ നല്‍കാൻ പോലും അവർ കൂട്ടാക്കിയില്ല. തുടർന്നാണ് കുട്ടി മരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നു എന്നും അച്ചടക്കം പഠിക്കുന്നതിനായി പരിക്കേല്‍പ്പിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് വിചാരണക്കോടതി വിലയിരുത്തിയത്.
മെഡിക്കല്‍ തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നും പ്രതിഭാഗത്തിന്റെ വാദത്തിനാണ് മുൻതൂക്കം നല്‍കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ജീവപര്യന്തം ശിക്ഷവിധിച്ചത്.
.jpg)