കണ്ണൂർ: ജില്ലയില്‍ മുണ്ടിനീര് ആശങ്കാജനകമായി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെയായി ഏകദേശം 3,000 കുട്ടികള്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ തുടർച്ചയായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2024ല്‍ മാത്രം 12,000 പേരാണ് ജില്ലയില്‍ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്.
സാധാരണ ജനുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാലത്താണ് മുണ്ടിനീര് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാല്‍ മഴക്കാലത്തും രോഗം തുടരുന്നതും പ്രതിദിനം ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്ത് മൊത്തം 23,642 മുണ്ടിനീര് കേസുകളാണ് ഈവർഷം ഇതുവരെ സ്ഥിരീകരിച്ചത്. പ്രതിദിനം 600ലധികം രോഗികള്‍ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി നോക്കിയാല്‍ കണക്കുകള്‍ ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍.
പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ മുണ്ടിനീര് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. സർക്കാർ ആശുപത്രികളിലൂടെ സൗജന്യ വാക്സിൻ വീണ്ടും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.